കാഞ്ഞങ്ങാട്: ആറ് മണിക്കൂർ സമയം വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് വയോധിക മരിച്ചു.ഇന്നലെ ഗാന്ധിജയന്തി ദിനത്തിൽ വൈദ്യുതി മണിക്കൂറുകളോളം നിലച്ചതിനെ തുടർന്ന്ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ചതോടെയാണ് രോഗി മരിച്ചത്. അതിഞ്ഞാൽ കെ.കെ. പുരയിൽ ബീരാൻ കാടത്ത് ഖാദറിൻ്റെ ഭാര്യ മറിയം 75 ആണ് മരിച്ചത്. ഉച്ചക്ക് 2.30 മണിയോടെ നിലച്ച വൈദ്യുതി അതിഞ്ഞാൽ പ്രദേശത് പുന:സ്ഥാപിച്ചത് രാത്രി 8.30 മണിയോടെയെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചക്ക് കറൻ്റ് പോയതോടെ ഇൻവെർട്ടർ സഹായത്തോടെ ഓക്സിജൻ യന്ത്രം പ്രവർത്തിപ്പിച്ചു. രാത്രിയോടെ ഇൻവെർട്ടറിൻ്റെ ചാർജ് തീർന്നതോടെ ഓക്സിജൻ സംവിധാനത്തിൻ്റെ പ്രവർത്തനവും നിലച്ചു. ഇതോടെ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു. കഫക്കെട്ട് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന വയോധികയെ രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ട് വന്നത്. ഇതിന് ശേഷം ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞത്. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് കെ.എസ്.ഇ.ബി ആറ് മണിക്കൂർ സമയം വൈദ്യുതി വിതരണം മുടക്കിയതെന്ന് വാർഡ് മെമ്പർ ഖാലിദ് അറബിക്കാടത്ത് പറഞ്ഞു. പല തവണ ചിത്താരി വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് വിളിച്ചെങ്കിലും വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത് രാത്രിയാണ്. വൈദ്യുതി നിലച്ചതോടെ ഈ ഭാഗത്തെ പല വ്യാപാരികളും കടകൾ നേരത്തെ പൂട്ടി. മക്കൾ : ശരീഫ, സുബൈദ, സാജിത മരുമക്കൾ: കുഞ്ഞാമത് തെക്കേപ്പുറം, അമീർ ചെറുവത്തൂർ, മൊയ്തു ബേക്കൽ. പടം: മറിയം.
0 Comments