കാഞ്ഞങ്ങാട് :നീലേശ്വരംഅഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പ്രതികളായ ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി കെ.ടി. ഭരതൻ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. കോടതിയുടെ വാറൻ്റ് ഇന്നലെ തന്നെ നീ ലേശ്വരം പൊലീസിന് ലഭിച്ചു. മജിസ്ട്രേറ്റ് കോടതി അനുവദിച്ച പ്രതികളുടെ ജാമ്യം ജില്ല സെഷൻസ് കോടതി റദ്ദാക്കി പ്രതികൾക്ക് വാറന്റ് പുറപ്പെടുവിക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ക്ഷേത്രം ഭാരവാഹികൾ ജാമ്യത്തിലിറങ്ങിയിരുന്നു. ജാമ്യക്കാരില്ലാത്തതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാൻകഴിയാത്ത രാജേഷിനെ പുറത്തിറക്കരുതെന്നും ജാമ്യത്തിലിറങ്ങിയവരോട് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ജില്ല സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായിരുന്നില്ല. ഇതെ തുടർന്ന് വാറന്റ് പുറപ്പെടുവിക്കാൻ കീഴ്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. റിമാൻ്റിലുള്ള മറ്റൊരു പ്രതിവിജയൻ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുന്നതിനിടെയാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടലുണ്ടായത്. ജാമ്യം ലഭിച്ച ശേഷം മുങ്ങിയ പ്രതികൾ പൊലീസിൽ കീഴടങ്ങാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് വാറൻ്റ് ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ മുൻകൂർ ജാമ്യം നേടി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഇതിനിടെ നീലേശ്വരം പൊലീസ് എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ രജിസ്ട്രർ ചെയ്ത വധശ്രമക്കേസിൽ കൊലപാതക കുറ്റം ചുമത്തി. പുതിയ ന്യായ സംഹിത നിയമപ്രകാരം എട്ട് പ്രതികൾക്കെതിരെയും കൊലക്കുറ്റമാണ് ഉൾപ്പെടുത്തിയത്. ഗൗരവപരമായ മറ്റ് വകുപ്പുകളുമുണ്ട്. കൊലക്കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട പ്രഥമ വിവരറിപ്പോർട്ട് അന്വേഷണ സംഘം കോടതിക്ക് കൈമാറി. അപകടത്തിൽ അഞ്ച് യുവാക്കളാണ് മരിച്ചത്.
0 Comments