കാഞ്ഞങ്ങാട്
മടിക്കൈയിലെ ജനങ്ങൾക്ക് തീരാതലവേദനയായ കണിച്ചിറയിലെ അപകട വളവിന് ശാശ്വത പരിഹാരം ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ദുരന്തങ്ങൾ ഒഴിവാക്കാൻ അടിയന്തിരമായി ക്രാഷ് ബാരിയർ പണിയുകയാണ്. ഇതിനായി 10,40,000 രൂപയ്ക്ക് ടെൻഡറായെന്ന് പിഡബ്ലുഡി അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ പി പ്രകാശൻ പറഞ്ഞു.
ദേശീയപാതയ്ക്ക് സമാന്തരമായി നീലേശ്വരം കോൺവെന്റ് ജംഗ്ഷനിൽ നിന്ന് കല്ല്യാൺ റോഡ് വരെ നീളുന്ന പാത സിആർഎഫ് പദ്ധതിയിൽ പെടുത്തിയാണ് നേരത്തെ നവീകരിച്ചത്. എന്നാൽ സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാനുള്ള പ്രയാസം കാരണം കണിച്ചിറയിലെ എസ് വളവ് നിലനിറുത്തിയായിരുന്നു റോഡ് നവീകരിച്ചത്. നല്ല റോഡായതോടെ വാഹനങ്ങൾക്ക് വേഗത കൂടി. ഇതോടെ വളവിന് താഴത്തെ വീട്ടിലേക്കടക്കം ലോറി പോലുള്ള വാഹനങ്ങൾ മറിയുന്നതും പതിവായി. വീട്ടുകാരുടെ ദുരിതം കണ്ട് പഞ്ചായത്ത് ഭരണസമിതി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
എസ് വളവ് നികത്താനുള്ള രണ്ട് കോടി രൂപയുടെ നിർദ്ദേശം സർക്കാരിന് മുന്നിലുണ്ട്. ഇതിൽ തുക വകയിരുത്തി കാലിച്ചാംപൊതി ഗ്രൗണ്ട് മുതൽ താഴ്ത്തുന്നതോടെ നിലവിലെ ആദ്യത്തെ വളവ് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വൺവേയാകും. പത്ത് മീറ്റർ വീതിയിലാണ് പുതിയ റോഡിനായി 25 സെന്റോളം സ്ഥലം ഏറ്റെടുക്കുന്നത്. നിലവിലെ റോഡിന്റെ ഭാഗവും ചേർത്ത് 140 മീറ്റർ നീളത്തിൽ കയറ്റം കുറക്കുന്നതോടെ ദേശീയപാതയിലൂടെ പോകേണ്ട വലീയ ട്രക്കുകൾക്കും ഇതുവഴി ഗതാഗതം സുഗമമാകും. ഭാവിയിൽ ദേശീയപാതയിൽ ഗതാഗത കുരുക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയും അധികൃതർ മുന്നിൽ കാണുന്നുണ്ട്.
0 Comments