Ticker

6/recent/ticker-posts

ജുഡീഷ്യറിയില്ലാതായാൽ ജനാധിപത്യമില്ല: ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ

കാഞ്ഞങ്ങാട്:ജുഡീഷ്യറി ഇല്ലാതെ ജനാധിപത്യം ഉണ്ടാകില്ലെന്നും ജുഡീഷ്യറി എന്ന് ഇല്ലാതാകുന്നോ അന്ന് ജനാധിപത്യം ഇല്ലാതാകുമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഹൊസ്ദുർഗ് കോടതി കോംപ്ലക്സ് നിർമാണത്തിന് ഭൂമി കൈമാറുന്ന ചടങ്ങും നവീകരിച്ച കെട്ടിടത്തിൽ കുടുംബ കോടതിയുടെയും എംഎസിടിയുടെ ക്യാംപ് സിറ്റിങ്ങ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. എക്സിക്യൂട്ടീവ് ആയാലും പാർലമെന്റ് ആയാലും ലെജിസ്ലേറ്റീവ് ആയാലും ഒരോരുത്തരും അവരുടെ ഭാഗങ്ങൾ കൃത്യമായി ചെയ്തു കൊണ്ടിരിക്കുകയാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ കാണുമ്പോൾ ഏറെ പ്രചോദനമാണ് . ഏറെ അച്ചടക്കമുള്ള ഒരു തലമുറയാണ് നമ്മൾ ഈ കാണുന്ന കുട്ടികൾ . ഇവരിലൂടെ നമ്മുടെ ഭാവി ഏറെ മഹത്വമുള്ള കൈകളിലാണ്. കോടതികൾക്ക് കഴിഞ്ഞ 30 വർഷമായി വലിയ മാറ്റങ്ങൾ ഒന്നുമില്ല. ഈ പരിമിതികൾക്കിടയിലും മികച്ച പ്രവർത്തനമാണ് ജുഡീഷ്യറി കാഴ്ച വയ്ക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ഇത്രയും ആത്മാർഥമായി പ്രവർത്തിക്കാൻ ഇന്ത്യൻ ജുഡീഷ്യറിക്കല്ലാതെ മറ്റാർക്ക് സാധിക്കും.  ജുഡീഷ്യറിയെ ആശ്രയിക്കുന്നവർക്ക് അവരുടെ കണ്ണുകളിൽ നോക്കി അവർക്കു വേണ്ടത് ചെയ്തു കൊടുക്കുമ്പോഴാണ് നീതിബോധം ഉണ്ടാകുന്നത്. അവിടെ നമ്മൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരു ഘടകമായി മാറുന്നില്ല. എന്നാലും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം മുഖ്യഘടകമാണ്. കോടതിയുടെ അകത്ത് പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല, കോടതിയെ ആശ്രയിക്കുന്നവർക്കും അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. 10 കോടിയാണ് ഹൊസ്ദുർഗ് കോടതിക്കായി അനുവദിച്ചതെന്ന് എം എൽ എ അറിയിച്ചിട്ടുണ്ട്.ഭാവി കൂടി നോക്കിയാകണം കെട്ടിടം നിർമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സ്ഥലം കൈമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കാഞ്ഞങ്ങാട് സബ് കലക്ടർ സുഫിയാൻ അഹമ്മദ് നിർവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യ പ്രഭാഷണം നടത്തി. ഇ.ചന്ദ്രശേഖരൻ എംഎൽഎ , പോക്സോ സ്പെഷൽ കോടതി ജഡ്ജി സുരേഷ് കുമാർ, ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേന, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, കുടുംബ കോടതി ജഡ്ജി ടി.കെ.രമേശ് കുമാർ, ജില്ലാ ഗവ.പ്ലീഡർ അഡ്വ.പി. ദിനേശ് കുമാർ, അഡ്വ. എം.സി.ജോസ്, അഡ്വ. പി.അപ്പുക്കുട്ടൻ, അഡ്വ. എം.സി.കുമാരൻ, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.നാരായണ ഭട്ട്, അഡ്വ. പി.കെ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കാട്ടൂർ എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.രാജമോഹനൻ സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.കെ.സതീശൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്  പുതിയ കോടതി കെട്ടിടസമുച്ചയ നിര്‍മാണത്തിനായി ഹോസ്ദുര്‍ഗ് കോടതിയുടെ സമീപമുള്ള 1.45 ഏക്കര്‍ സ്ഥലം റവന്യുവകുപ്പ് ജുഡിഷ്യറി വകുപ്പിന് കൈമാറി.
നിലവില്‍ പോക്‌സോ സ്‌പെഷ്യല്‍ കോടതി, സബ്‌കോടതി, രണ്ട് ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി എന്നിവയും മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലൈംസ് ട്രിബ്യുണല്‍(എം.എ.സി.ടി.), കുടുംബ കോടതി എന്നിവയാണ് ഇവിടെയുള്ളത്.
Reactions

Post a Comment

0 Comments