കാഞ്ഞങ്ങാട് : ഉറങ്ങി കിടന്ന പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയ കേസിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. തട്ടിക്കൊണ്ട് പോകൽ കേസിൽ സംശയിക്കുന്ന യുവാവിനെ തിരെ മേൽപ്പറ പൊലീസിൽ ഒരു പോക്സോ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ അറസ്റ്റിലായ കുടക് സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻ്റിൽ കഴിഞ്ഞിരുന്നു. ഈ സമയം പ്രതിക്കൊപ്പം ജയിലിലെ സെല്ലിൽ കഴിഞ്ഞിരുന്ന രണ്ട് പേരെയാണ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. നീലേശ്വരം, കാസർകോട് സ്വദേശികളെയാണ് ചോദ്യം ചെയ്തത്. ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. സംശയിക്കുന്ന പ്രതിയുടെ സ്വഭാവത്തെ കുറിച്ചും ജയിലിലെ പെരുമാറ്റത്തെ കുറിച്ചും അറിയുകയായിരുന്നു ലക്ഷ്യം. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് സംബന്ധിച്ച് മുൻകൂട്ടി എന്തെങ്കിലും പറഞ്ഞിരുന്നോയെന്നും പൊലീസ് ആരാഞ്ഞു. എന്നാൽ പൊലീസിന് കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.
0 Comments