കാഞ്ഞങ്ങാട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഹോസ്ദുർഗ് കൈറ്റ് ബീച്ച് നഗരസഭ അടച്ചെന്ന പ്രചരണം ശരിയല്ലെന്ന് ചെയർപേഴ്സൺ കെ.വി. സുജാത പറഞ്ഞു. ബീച്ച് ഉടൻ വീണ്ടും സജീവമാകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫും പറഞ്ഞു. ഡി. ടി പി . സിക്കോ, കരാറുകാരനോടോ പൂട്ടാനാവശ്യപ്പെട്ട് നഗരസഭ ഒരു നോട്ടിസ് പോലും ഇത് സംബന്ധിച്ച് നൽകിയിട്ടില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. മഴക്കാലത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കാരണം അടച്ചിട്ടതല്ലാതെ കൈറ്റ് ബീച്ച് അടച്ചിടാൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. ചില അറ്റകുറ്റ പണികൾ കൂടി പൂർത്തിയാക്കി കേന്ദ്രം അടുത്ത ദിവസം തുറക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു. ഇവിടെ ലൈസൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കടലാസുപണികൾ നടന്നു വരികയാണെന്നും അറിയിച്ചു.സി.ആർ.സെഡ് അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ സംഘടിപ്പിക്കാൻ പറഞ്ഞതൊഴിച്ചാൽ നഗരസഭയുടെ ഒരു നിർദേശവും ഇവിടെ ഉണ്ടായിട്ടില്ല. നേരത്തെ ഇവിടെ നടത്തിപ്പുകാർ അനുമതിയില്ലാതെ ഒരു ഫെസ്റ്റ് നടത്തിയിരുന്നു.അതിനെതിരെ നോട്ടിസ് നൽകിയതായി ചെയർപേഴ്സൺ പറഞ്ഞു. ജൈൻ്റ് വീൽ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന പ്രദർശനം നടത്തിയതിനെതിരെ യായിരുന്നു നോട്ടിസെന്നും ചെയർപേഴ്സൺ പറഞ്ഞു. ഇവിടെ സ്ഥായിയായ ഒരു നിർമാണ പ്രവർത്തനങ്ങളും ഇല്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു. ഒരു താൽക്കാലിക ഹാൾ,കിച്ചൻ, കുട്ടികൾക്ക് കളിക്കാനുള്ള പ്രദേശം എന്നിവയാണുള്ളത്. ഇവയെല്ലാം താൽക്കാലിക നിർമാണങ്ങളാണെന്നും സെക്രട്ടറി പറഞ്ഞു. കൈറ്റ് ബീച്ച് നടത്തിപ്പുകാർ അടച്ചിട്ട കാലത്തെ വാടക സംബന്ധിച്ച് ഡി.ടി.പി.സി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു. കൈറ്റ് ബീച്ചിൽ കൂടുതൽ നിർമാണ പ്രവൃത്തിക്ക് കരാറുകാർക്ക് അനുമതിയില്ല. ബീച്ചിൽ നിന്നും മാലിന്യം കടലിലേക്ക് ഒഴുക്കാൻ പാടില്ല. കടലിൽ മാലിന്യം ഒഴുക്കിയെന്ന പരാതിയിൽ നേരത്തെ കരാറുകാരന് നോട്ടീസ് നൽകുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന കാഞ്ഞങ്ങാട് നഗരസഭക്കെതിരെ ബീച്ച് പൂട്ടിച്ചെന്ന പ്രചരണം എന്ത് താത്പര്യപ്രകാരമെന്നറിയില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു.
0 Comments