നീലേശ്വരം :നീലേശ്വരത്ത് സംസ്ഥാന ലോട്ടറിയുടെ മൂന്നക്കം ഉപയോഗിച്ച് ചൂതാട്ടം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. മൊബൈൽ ഫോൺ പിടികൂടി. ബങ്കളത്തെ വി. കെ. മനോജ് 43 ആണ് അറസ്റ്റിലായത്. പൊലീസിനെ കണ്ട് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. നീലേശ്വരം ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റിക്ഷാ സ്റ്റാൻ്റിൽ വെച്ച് നീലേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്. 2090 രൂപ പിടികൂടി. വാട്സാപ്പിൽ വിവിധ ആളുകൾക്ക് നമ്പർ അയച്ചു കൊടുത്തത് കണ്ടെത്തി. ഒരു ടിക്കറ്റിന് 10 രൂപയാണ് വിലയെന്നും തനിക്ക് 4 രൂപ വച്ച് കമ്മീഷൻ കിട്ടുമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ സമ്മാനതുക നൽകുന്ന ആളെ മനോജ് പൊലീസിനോട് വെളിപ്പെടുത്തിയില്ല. സംസ്ഥാന ലോട്ടറിയുടെ അവസാനത്തെ മൂന്നക്കനമ്പർ ഉപയോഗിച്ചാണ് ചൂതാട്ടം. ലോട്ടറി ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാന ചൂതാട്ടമാണ് കാഞ്ഞങ്ങാട്ടും നടന്നു വരുന്നതെങ്കിലും പ്രതികൾക്കെതിരെ ലോട്ടറി ആക്ട് ചുമത്താതെ മഡ്ക്കകളിയെന്ന പെറ്റിക്കേസാണ് പൊലീസ് ചുമത്തുന്നതെന്ന് പരാതിയുണ്ട്.
0 Comments