കാഞ്ഞങ്ങാട് : ജില്ലയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നത് വർദ്ധിച്ചു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ അടക്കമുള്ള വർക്കെതിരെ പൊലീസ് നിയമനടപടികൾ ശക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന വാഹന പരിശോധനയിൽ പത്തോളം കുട്ടി ഡ്രൈവർമാർ കുടുങ്ങി. വാഹനം ഓടിക്കാൻ നൽകിയ ബന്ധുക്കൾക്കെതിരെ കേസ് നടപടികൾ സ്വീകരിച്ചു. ഇര ചക്രവാഹനം ഓടിച്ച പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കർശന പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, കാസർകോട്, ബേക്കൽ, ബേഡകം, മേൽപ്പറമ്പ പൊലീസുമാണ് കഴിഞ്ഞ ദിവസം കുട്ടികൾ ഓടിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.ബംബ്രാണയിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് 15 കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മാവനെതിരെ കേസെടുത്തു. ബേക്കലിൽ 17 കാരിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ കേസെടുത്തിരുന്നു. ഉമ്മയാണ് വാഹനം നൽകിയതെന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കേസ്. ഉപ്പളയിൽ 16 കാരൻ ഓടിച്ച സ്കൂട്ടർ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് അമ്മാവനെതിരെ കേസെടുത്തു. തളങ്കരയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർകസ്റ്റഡിയിലെടുത്ത കാസർകോട് പൊലീസ് അമ്മാവനെ തിരെ കേസെടുത്തു. കല്ലക്കട്ടയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിനെതിരെ കേസെടുത്തു. ബംബ്രാണയിൽ 16 കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി പിതാവിനെതിരെ കേസെടുത്തു. ചൂരിത്തട്ക്കയിൽ 17 കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടിയ കുമ്പള പൊലീസ് അമ്മാവനെതിരെ കേസെടുത്തു. പള്ളത്തിങ്കാലിൽ നിന്നും 17 കാരൻ ഓടിച്ച സ്കൂട്ടർ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്ത് അഛൻ്റെ പേരിൽ കേസ് റജിസ്ട്രർ ചെയ്തു. തായൽ മൗവലി ൽ നിന്നും 15 വയസുകാരൻ ഓടിച്ച സ്കൂട്ടർ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനം ഓടിക്കാൻ നൽകിയ ഉമ്മയുടെ പേരിൽ കേസെടുത്തു. കോളിയടുക്കത്ത് 16 കാരൻ ഓടിച്ച സ്കൂട്ടി കസ്റ്റഡിയിലെടുത്ത മേൽപ്പറമ്പ പൊലീസ് വാഹന ഉടമയായ ഉമ്മയുടെ പേരിൽകേസെടുത്തു. കടുത്ത പിഴ ഉൾപെടെ കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന വർക്കെതിരെ പൊലീസും കോടതിയും ചുമത്തുമ്പോഴും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിൽ കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോസ്ദുർഗ് , ചന്തേര ,നീലേശ്വരം, അമ്പലത്തറ പൊലീസ് രണ്ട് ദിവസം മുൻപ് കുട്ടി ഡ്രൈവർമാരെ പിടികൂടി ബന്ധുക്കളുടെ പേരിൽ കേസെടുത്തിരുന്നു. ചെർക്കളയിൽ 16 കാരൻ സ്കൂട്ടർ ഓടിച്ചതിന് ഉപ്പക്കെതിരെ വിദ്യാനഗർ പൊലീസ് ഇന്ന് കേസെടുത്തു. കുമ്പളയിൽ17 കാരൻസ്കൂട്ടർ ഓടിച്ചതിന് ഉമ്മക്കെതിരെ കേസെടുത്തു. ഷിറിയ കുന്നിൽ 16 കാരൻ സ്കൂട്ടർ ഓടിച്ചതിന് സഹോദരനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കൊലച്ചിയടുക്കത്ത് 15 കാരൻ ഓടിച്ച സ്കൂട്ടർ വിദ്യാനഗർ പൊലീസ് പിടികൂടി സ്കൂട്ടർ ഉടമയുടെ പേരിൽകേസെടുത്തു. കൊമ്പനടുക്കത്ത് 14കാരി ഓടിച്ച സ്കൂട്ടി മേൽപ്പറമ്പ പൊലീസ് പിടികൂടി. സ്കൂട്ടർ ഓടിക്കാൻ നൽകിയ ഉമ്മക്കെതിരെ കേസെടുത്തു.
0 Comments