കാഞ്ഞങ്ങാട് : തമിഴ്നാട്ടിലെതട്ടിപ്പു കേസിൽ പ്രതി യാണെന്ന് പറഞ്ഞ് ബേക്കൽ സ്വദേശിയെ തമിഴ്നാട്ടിലേക്ക് കൊണ്ട് പോയി. പിന്നാലെ തമിഴ്നാട് കോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. ബേക്കൽ മൗവ്വൽ പരയങ്ങാനത്തെ എൻ. സുലൈമാനെ 53യാണ് പൊലീസ് കൊണ്ട് പോയത്. 600 കിലോമീറ്റർ സഞ്ചരിച്ച് വാഹനത്തിൽ തമിഴ്നാട്ടിലെത്തിച്ച് തമിഴ്നാട് കോടതിയിൽ ഹാജരാക്കിയ സുലൈമാനെ നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബേക്കലിലെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. കരാറുകാരനാണിദ്ദേഹം. ഉച്ചക്ക് ശേഷം കസ്റ്റഡിയിലെടുത്ത് രാത്രിയോടെ പൊലീസ് വാഹനത്തിലാണ് തമിഴ്നാട്ടിലേക്ക് കൊണ്ട് പോയത്. 60 ലക്ഷം രൂപയുടെ വണ്ടി ച്ചെക്ക് കേസിൽ തമിഴ്നാട് കോടതിയുടെ വാറൻ്റ് ഉണ്ടെന്ന് പറഞ്ഞായിരുന്നു പിടികൂടിയത്. പിറ്റേന്ന് വൈകീട്ട് 4 മണിയോടെ മറവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയി. അവിടത്തെ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാൽ പാപനാശം കോടതിയിലേക്ക് കൊണ്ട് പോയി ഹാജരാക്കി. ഈ കോടതി രേഖകൾ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ പ്രതിയല്ലെന്നും ആളു മാറിയതാണെന്നും വ്യക്തമായത്. കോടതി അദ്ദേഹത്തെ അപ്പോൾ തന്നെ പോകാൻ അനുവദിച്ചു. തുടർന്ന് സുലൈമാൻ തമിഴ്നാട്ടിൽ നിന്നും സ്വന്തം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ്സുലൈമാൻ.
0 Comments