പയ്യന്നൂർ: കിസാൻജനത മുൻ ജില്ലാ പ്രസിഡന്റും ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തെ പി.നാരായണൻ നമ്പ്യാർ 88 നിര്യാതനായി. പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി,പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാൻ ജനത ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. തളിപ്പറമ്പ് കെട്ടിട നിർമാണോപകരണ സംഘം സ്ഥാപക പ്രസിഡന്റും ടിടികെ ദേവസ്വത്തിൽ ദീർഘകാലം പാരമ്പര്യേതര ട്രസ്റ്റിയായിരുന്നു. കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ജനകീയ കമ്മിറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു. കർഷകർക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാൻ ജനതയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന കാലത്തെ് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു. പയ്യന്നൂരിൽ നിന്നു പാനൂരിലേക്ക് നടന്ന കാൽനട ജാഥക്ക് നേതൃത്വം നൽകി. ഭാര്യമാർ: പരേതയായ ഇ.വി.ജാനകിയമ്മ, കല്ലറക്കൊട്ടാരത്തിൽ കമലാക്ഷിയമ്മ.മക്കൾ: വനജ(കടമ്പേരി), രാധാമണി(നെല്ലിയോട്ട്), സഖീഷ്‌കുമാരി(ജോത്സ്യർ, പാളയത്തുവളപ്പ്), ഇ.വി.ജയകൃഷ്ണൻ(സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കാഞ്ഞങ്ങാട്), രേണുകാദേവി(ചെട്ട്യോൾ), ശ്രീനിവാസൻ നമ്പ്യാർ(കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനിയർ,എച്ച്.പി, ബെംഗ്ലൂരു).മരുമക്കൾ: എം.വി.രവി(കടമ്പേരി), മേമഠത്തിൽ ജയരാജൻ(കേബിൾ ടിവി ഓപ്പറേറ്റർ, പരിയാരം), പി.ശശി(കൃഷിവകുപ്പ് മുൻ ഉദ്യോഗസ്ഥൻ), ദിവ്യാ ജയകൃഷ്ണൻ(കാഞ്ഞങ്ങാട്),കുഞ്ഞിക്കൃഷ്ണൻ ചെട്ട്യോൾ, അനുപ്രിയ(അധ്യാപിക, ബെംഗ്ലൂരു). സഹോദരങ്ങൾ: പി.ഗംഗാധരൻ നമ്പ്യാർ(മുൻ ജവാൻ, പെരിന്തട്ട),പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ(മുൻ ജവാൻ) സംസ്കാരം ഇന്ന്
വൈകീട്ട് 3 ന്.
പി.നാരായണൻ നമ്പ്യാർ: സോഷ്യലിസ്റ്റ് ആശയം മുറുകെ പിടിച്ച പൊതുപ്രവർത്തകൻ
തളിപ്പറമ്പ്: സോഷ്യലിസ്റ്റ് ആശയത്തെ മുറുകെ പിടിച്ച പൊതുപ്രവർത്തകനായിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തെ പി.നാരായണൻ നമ്പ്യാർ. പി.എസ്.പി.യുടെ പരിയാരം പഞ്ചായത്തു കമ്മിറ്റി സെക്രട്ടറിയായിരിക്കെ 57ലെ തിരഞ്ഞെടുപ്പിൽ അവിഭക്ത കണ്ണൂർ ജില്ലയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ പിഎസ്പി സ്ഥാനാർഥി ടിവി കോരനു വേണ്ടി പ്രവർത്തിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഹൊസ്ദുർഗ് മണ്ഡലത്തിൽ കെ.ചന്ദ്രശേഖരനുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടു. സിപിഎം നേതാക്കളായ പാച്ചേനിക്കുഞ്ഞിരാമനും കെ.കെ.എൻ.പരിയാരവും എം.വി.ഗോവിന്ദനും നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ തളിപ്പറമ്പ് നിയോജകമണ്ഡലത്തിലും സജീവ തിരഞ്ഞെടുപ്പ് പ്രവർത്തകനായിരുന്നു. എം.പി.വീരേന്ദ്രകുമാറും പി.ആർ.കുറുപ്പും അരങ്ങിൽ ശ്രീധരനും തുടങ്ങി പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുമായി വ്യക്തിബന്ധം സൂക്ഷിച്ചു. അന്തരിച്ച പി.എൻ.കുഞ്ഞിരാമനും പൂക്കോത്ത് തെരുവിലെ എം.ജനാർദനനും പി.നാരായണൻ നമ്പ്യാരൂം ചേർന്ന കൂട്ടുകെട്ടാണ് വർഷങ്ങളോളം തളിപ്പറമ്പിലും കിഴക്കൻ മലയോര പ്രദേശങ്ങളിലും സോഷ്യലിസ്റ്റ് പ്രവർത്തനം ശക്തിപ്പെടുത്തിയിത്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് കാലത്ത് ഒന്നിലേറെ തവണ ഇടതു മുന്നണിയുടെ തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃനിരയിലുണ്ടായിരുന്നു. ടിടികെ ദേവസ്വം ട്രസ്റ്റിയായിരിക്കെ തളിപ്പറമ്പ് രാജജേശ്വരക്ഷേത്രത്തിലും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ഒട്ടേറ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തിരുവട്ടൂരിലെ കമ്മാരൻ നമ്പ്യാരുടെയും പെരുങ്കുന്നപ്പാല പാർവതിയമ്മയുടെയും മകനായ നാരായണൻ നമ്പ്യാർ സുവർണ ചിട്ടിഫണ്ട് മാനേജരായാണ് തളിപ്പറമ്പിലെത്തുന്നത്. പിന്നീട് ദീർഘകാലം എൽഐസി ഏജന്റായും പ്രവർത്തിച്ചു. ജയകറിപൗഡർ ബിസിനസും നടത്തിയിരുന്നു ഏറെക്കാലം.
0 Comments