Ticker

6/recent/ticker-posts

സംസ്ഥാനത്ത് കെ സ്മാർട്ടിലൂടെ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ നഗരസഭയായി നീലേശ്വരം

നീലേശ്വരം നഗരസഭയുടെ 2026 - .27 സാമ്പത്തീക വർഷത്തേക്കുള്ള 720153265 രൂപയുടെ വരവും 701817131 രൂപയുടെ പ്രതീക്ഷിത ചെലവും 18336134 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന  ബജറ്റ് വൈസ് ചെയർപേഴ്സൺ  പിഎം സന്ധ്യ അവതരിപ്പിച്ചു. ഇതോടെ  സംസ്ഥാനത്ത് കെ സ്മാർട്ടിലൂടെ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ നഗരസഭയായി മാറുകയാണ് നീലേശ്വരം നഗരസഭ.  നിലവിലുള്ള ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ ബജറ്റ് ആണിത്.  നഗര കേന്ദ്രീകൃത വികസനത്തിനും കുടിവെള്ളത്തിനും മുന്തിയ പരിഗണന നൽകുന്ന ബജറ്റ് ആരോഗ്യം, ശുചിത്വം, കൃഷി,വിദ്യാഭ്യാസം, സാംസ്കാരികം, യുവജന കാര്യം എന്നീ മേഖലകൾക്കും മുൻതൂക്കം നൽകിക്കൊണ്ടുള്ളതാണ്. നീലേശ്വരം നഗരത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങളാണ് ഭരണസമിതിയുടെ കന്നി ബജറ്റിൽ പ്രഖ്യാപനങ്ങളായുള്ളത്. പാലായി ഷട്ടർ കം ബ്രിഡ്ജിൽ നിന്നും നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലേക്കാവശ്യമായ കുടിവെളളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിനായി നഗരസഭ ഈ ബജറ്റിൽ  15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൻകിട സംരംഭകരെയും  വ്യവസായികളെയും ആകർഷിക്കുന്നതിനോടൊപ്പം പ്രാദേശിക സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപക സംഗമവും അഭ്യസ്തവിദ്യരായ വനിതകൾക്ക് ഓഹരി വിപണിയിൽ വൈദഗ്ദ്ധ്യം നേടിക്കൊടുക്കുന്നതിനായി സമ്പന്ന എന്ന നൂതന പദ്ധതിയും പ്രധാന ആകർഷണങ്ങളാണ്.നീലേശ്വരത്തിന്റെ സാംസ്കാരികമായ പെരുമയും പൈതൃകവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ 'പൈതൃക ഇടനാഴി',
നഗര മധ്യത്തിൽ റഫറൻസ് ലൈബ്രറിയോടുകൂടിയ ടൗൺ സ്ക്വയർ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.പ്രമുഖ സാഹിത്യകാരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ട് നീലേശ്വരം സാഹിത്യോത്സവം, പ്രമുഖ സംഗീതജ്ഞരെ അണിനിരത്തിക്കൊണ്ട്  സംഗീതോത്സവം എന്നിവ സംഘടിപ്പിക്കുന്നതിനായി 250000 രൂപ  വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തലമേഖലയിൽ റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ റോഡുകളുടെ നിർമ്മാണത്തിനുമായി 5 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.. മാർക്കറ്റ് ജംഗഷ്നിലും കോൺവെന്റ് ജംഗ്ഷനിലും, മെയിൻ ബസാറിലും പൊതു ശൗചാലയങ്ങളും കോൺവെന്റ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും ബജറ്റിന്റെ ഭാഗമാണ്.  നീലേശ്വരം മാർക്കറ്റിൽ കെഡിപി ധനസഹായത്തോടെ ആധുനിക മത്സ്യ മാർക്കറ്റും അനുബന്ധമായി പബ്ലിക് ടോയ്ലറ്റും സ്ഥാപിക്കും. സംസ്ഥാന  ബജറ്റിൽ പ്രഖ്യാപിച്ച  ഇ എം എസിന്റെ നാമധേയത്തിലുള്ള ടൗൺഹാൾ നിർമ്മിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സത്വരം സ്വീകരിക്കും. നൽകുന്നു.തെങ്ങു കൃഷി വികസനം, നെൽകൃഷി വികസനം,പച്ചക്കറി കൃഷി വികസനം എന്നീ മേഖലക്കായി 50 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയിൽ വിവിധ പദ്ധതികളിലായി 50 ലക്ഷം രൂപയും ബജറ്റിൽ  പ്രഖ്യാപിച്ചിട്ടുണ്ട്.  ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്കും ടൂറിസം രംഗത്തും ഒരു കോടിയിൽപ്പരം രൂപ ബജറ്റിൽ മാറ്റി വെച്ചിട്ടുണ്ട്. ചിറപ്പുറത്ത് സിനിമാ തീയറ്ററും പഴയ നഗരസഭാ ഓഫീസിന്റെ സ്ഥാനത്ത് ഓപ്പൺ ഓഡിറ്റോറിയവും ബജറ്റ് പ്രഖ്യാപന ത്തിലുണ്ട്.

രാജാ റോഡ് വികസനത്തിന് ആദ്യം അനുവദിച്ച  40.09 കോടി കൂടാതെ 12 കോടിയിൽപ്പരം രൂപയാണ് അധികമായി അനുവദിച്ചിട്ടുണ്ടെന്നും റോഡ് വികസനത്തിനാവശ്യമായ തുടർ നടപടികൾ കാലാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ആമുഖ ഭാഷണത്തിൽ നഗരസഭ ചെയർമാർ ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ ചന്ദ്രൻ ,ഷമീന മുഹമ്മദ്, എ വി സുരേന്ദ്രൻ ,ഇ ചന്ദ്രമതി, കെ സതീശൻ കൂടാതെ മുഴുവൻ കൗൺസിലർമാരും ചർച്ചയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments