കാഞ്ഞങ്ങാട്:ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച എടത്തോട് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന കോളിയാർ സ്വദേശി ചന്ദ്ര ബോസിൻ്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നിർധനരായ കുടുംബത്തിന് ആശുപത്രി ചെലവുകൾ താങ്ങാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗം ടി.വി. ലതിക ചെയർമാനും മധു കോളിയാർ കൺവീനറും സുഭാഷ് വട്ടപ്പള്ളിൽ ട്രഷററും ആയി ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സഹായം കമ്മിറ്റിക്ക് ലഭിച്ചിരുന്നു. സഹായം കാത്ത് നിൽക്കാതെ ഏപ്രിൽ 17 ന് ചന്ദ്രബോസ് മരിച്ചു. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമായിരുന്നു രണ്ടു മക്കളും ഭാര്യയും അടങ്ങിയ കുടുംബത്തിന്റെ ഏക വരുമാനം. ചന്ദ്രബോസിന്റെ വീട് കാലപ്പഴക്കത്താൽ ജിർണിച്ച അവസ്ഥയിലായിരുന്നു. പുതിയ വീട് നിർമ്മിക്കുന്നതിന് പഞ്ചായത്തിൽ നിന്നും പി എം എ വൈ പദ്ധതി പ്രകാരം നാല് ലക്ഷം രൂപ അനുവദിച്ച് ഒരു ഗഡു തുക വാങ്ങി നിർമ്മാണത്തിന്റെ പ്രാരംഭ ജോലി ആരംഭിക്കുന്നതിനിടെയായിരുന്നു ചന്ദ്രബോസിനെ രോഗം പിടികൂടിയത്. ചന്ദ്രബോസിൻ്റെ മരണത്തോടെ വീടിന്റെ നിർമ്മാണം ചികിൽസ സഹായ കമ്മറ്റി പൂർത്തീകരിക്കണമെന്ന് തീരുമാനിച്ചു. പഞ്ചായത്തിൽ നിന്നും ലഭിക്കാനുള്ള ബാക്കി തുകയായ 350000 രൂപയും കമ്മറ്റി സ്വരൂപിച്ച 425,000 രൂപയും ചേർത്ത് 775,000 രൂപ ചിലവിൽ 650 അടി തറ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ തീരുമാനമെടുത്തു. നിർമ്മാണത്തിന്റെ ചുമതല കമ്മിറ്റിയുടെ ജോയിൻ കൺവീനർ കൂടിയായ ജയേഷിനെ ഏൽപ്പിച്ചു. വീട് നിർമ്മാണത്തിന് സഹായവുമായി പലരും തയ്യാറായി വന്നു. ആറു മാസത്തിനകം വീട് നിർമ്മാണം പൂർത്തീകരിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സ്വപ്നഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം കോടോം ബേളൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു . ലതിക അധ്യക്ഷത വഹിച്ചു . പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന ചന്ദ്രബോസിന്റെ മകന് കമ്മറ്റി സ്വരൂപിച്ച വിദ്യാഭ്യാസ ധനസഹായം ബളാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിത കൈമാറി. മുൻ വാർഡ് മെമ്പർ എം. വി . ജഗന്നാഥ്, ഗഫൂർ എടത്തോട്, മാണിയൂർ ബാലകൃഷ്ണൻ, ഗംഗാധരൻ കൊടക്കൽ, എ. വി. ദാമോദരൻ നിർമ്മാണ കമ്മിറ്റി കൺവീനർ മധു കോളിയാർ സംബന്ധിച്ചു. ട്രഷറർ സുഭാഷ് വട്ടപ്പള്ളിൽ നന്ദി പറഞ്ഞു.
0 Comments