Ticker

6/recent/ticker-posts

ആരോഗ്യ പ്രവർത്തകർക്ക് കാസർകോട് ആസ്റ്റർ മിംസിൽ നവജാത ശിശു പുനരുജ്ജീവന പരിശീലന ക്യാമ്പ്

കാസർകോട് : നാഷണൽ നിയോണറ്റോളജി ഫോറം ഇന്ത്യയുടെ നേതൃത്വത്തിൽ നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിനും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുമായി എൻ.ആർ.പി ദിനത്തോട് അനുബന്ധിച്ച് എൻ.എൻ.എഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ലല്ലൻ കുമാർ ഭാരതിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രത്യേക തീവ്രപരിശീലന ക്യാമ്പ് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ സംഘടിപ്പിച്ചു. ​നവജാത ശിശുക്കൾക്ക് ജനനസമയത്ത് കൃത്യമായ ശ്വസനസഹായം നൽകി ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ​നാഷണൽ നിയോനാറ്റോളജി ഫോറത്തിലെ മുതിർന്ന ശിശുരോഗ വിദഗ്‌ധരായ ഡോ. ദിവാകർ റായ്, ഡോ. ഉദയ് ശ്രീനിവാസ്, ഡോ. ചൈത്ര .പി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 
ഇന്ത്യയിൽ ശിശുമരണനിരക്ക് വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ജനനസമയത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ശ്വസന തടസ്സമാണെന്നും  ജനനശേഷമുള്ള ആദ്യ നിമിഷങ്ങൾ നിർണ്ണായകമായതിനാൽ ശരിയായ രീതിയിലുള്ള പരിചരണത്തിലൂടെ ശിശു മരണ നിരക്ക് കുറയ്ക്കാൻ സാധിക്കും എന്ന ലക്ഷ്യത്തോടെ രാജ്യമൊട്ടാകെ 998 കേന്ദ്രങ്ങളിലായി ഏകദേശം 20,000 ആരോഗ്യപ്രവർത്തകർക്കാണ് ഒരേസമയം പരിശീലനം നൽകുന്നത്. 
പ്രസവമുറികളിലും നവജാത ശിശു തീവ്രപരിചരണ വിഭാഗങ്ങളിലും സേവനമനുഷ്ഠിക്കുന്ന നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന ആരോഗ്യപ്രവർത്തകർ കാസറഗോഡ് ആസ്റ്റർ മിംസിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തു. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ജനനവും ആരോഗ്യകരമായ ഭാവിയും ഉറപ്പാക്കാൻ ഇത്തരം കൂട്ടായ പരിശീലനങ്ങൾക്ക് ആരോഗ്യരംഗത്തെ വലിയ പങ്കുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകർക്ക് നാഷണൽ നിയോനാറ്റോളജി ഫോറത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരിലേക്കും ഇത്തരം ജീവൻരക്ഷാ പരിശീലനങ്ങൾ വ്യാപിപ്പിക്കാനാണ് എൻ.ആർ.പി ഫോറം ലക്ഷ്യമിടുന്നത്. മികച്ച ശിശുപരിരക്ഷ ഉറപ്പാക്കാനായി ഇത്തരം ഏകീകൃത പരിശീലനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Reactions

Post a Comment

0 Comments