Ticker

6/recent/ticker-posts

സിപ്പ് ലൈനിൽ നിന്നും വീണ് മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്ഥാപന ഉടമ

കാഞ്ഞങ്ങാട്:റാണിപുരത്ത് ടൂറിസ്ററ് കേന്ദ്രത്തിൽ ശനിയാഴ്ച വൈകീട്ട് സിപ്പ് ലൈനിൽ നിന്നും വീണ് മരിച്ച ടെക്നീഷ്യനായ യുവാവിൻ്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞതിന് പിന്നാലെ നടന്ന ചർച്ചയിൽ സ്ഥാപനത്തിൻ്റെ മാനേജ്മെൻ്റ് കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുകയായിരുന്നു. പനത്തടി ചാമുണ്ടിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ്റെ 24 ബന്ധുക്കൾക്കാണ് സ്ഥാപന അധികൃതർ നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചത്. അഞ്ച് ലക്ഷം രൂപ ഒരാഴ്ചക്കകവും ബാക്കി തുക ഒരു മാസത്തിനുള്ളിൽ നൽകും. കാസർകോട് ജനറൽ ആശുപത്രിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി ഇവിടെ ആശുപത്രിയിലായിരുന്നു പോസ്റ്റ് മോർട്ടം. അനാസ്ഥ കാരണമാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞത്. ഒടുവിൽ ജനറൽ ആശുപത്രിയിൽ വച്ച് ബന്ധുക്കളും സ്ഥാപന നടത്തിപ്പുകാരും വെള്ളരിക്കുണ്ട് തഹസിൽദാർ രാമുവിൻ്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുകയും കുടുംബത്തിന് 10 ലക്ഷം രൂപ നൽകാമെന്ന് സ്ഥാപന ഉടമകൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് വൈകീട്ടോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. വെള്ളിയാഴ്ചയായിരുന്നു സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. അഡ്വൈഞ്ചർ പാർക്കിൽ ഉള്ള സ്റ്റീൽ കേബിളിലൂടെ സാഹസിക യാത്ര നടത്തുകയായിരുന്നവരെ സഹായിക്കുന്നതിനിടെ സിപ്പ് ലൈനിൽ പെട്ട് മുന്നോട്ട് നീങ്ങുകയും താഴെ വീഴുകയായിരുന്നു. ഇത്തരംസ്ഥാപനങ്ങളിൽ മതിയായ സുരക്ഷ പരിശോധന നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ജില്ല വ്യവസായ കേന്ദ്രത്തിൻ്റെ ലൈസൻസ് മാത്രമെ ഇത്തരം സ്ഥാപനങ്ങൾക്ക് വേണ്ടു എന്നും മൂന്നര വർഷത്തിന് ശേഷം മാത്രമെ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണ്ടു എന്നാണ് ചട്ടമെന്നും പറയുന്നു. വലിയ അപകട സാധ്യതയുള്ള ഇത്തരം സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷാ പരിശോധന ഇല്ലാത്തത് വലിയ അപകടം ആവർത്തിക്കാൻ ഇടയാക്കുമെന്ന് പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Reactions

Post a Comment

0 Comments