കാഞ്ഞങ്ങാട്:പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടത്തിൽ കുടുങ്ങിയഅപൂർവ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങയെ രക്ഷപെടുത്തി.
പ്രാവുകൾ കയറാതിരിക്കാൻ സ്ഥാപിച്ച വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ ആശുപത്രിയിലെ ജീവനക്കാരൻ രതീഷ്, തെറാപ്പിസ്റ്റ്
റോജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയിൽ കുടുങ്ങിക്കിടന്ന മൂങ്ങയുടെ ജീവൻ രക്ഷിച്ചത്.
ആശുപത്രി കെട്ടിടത്തിന് മുകളിലെ വലയിൽ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും പരിശോധിച്ചപ്പോഴാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടത്. തുടർന്ന് ഏറെ പണിപ്പെട്ട്, സുരക്ഷിതമായി വലയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രി അധികൃതർ വിവരം വനംവകുപ്പിനെ അറിയിച്ചു.
തുടർന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ വെള്ളിമൂങ്ങയെ വനംവകുപ്പ് റെസ്ക്യൂവർ സുനിൽ സുരേന്ദ്രന് കൈമാറി. ആശുപത്രി ജീവനക്കാരായ റോജിത്തും , രതീഷും കൈമാറ്റത്തിൽ പങ്കാളികളായി. ആവശ്യമായ ചികിത്സയ്ക്കും പരിചരണത്തിനും ശേഷം മുങ്ങയെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
0 Comments