കാഞ്ഞങ്ങാട്:
സ്വന്തമെന്ന് പറയാൻ മക്കളില്ല… അവസാന യാത്രയിൽ ഒപ്പം നിൽക്കാൻ ഉറ്റ ബന്ധുക്കളുമില്ല. ജീവിതത്തിന്റെ അവസാന നാളുകളിൽ തണലായ മലപ്പച്ചേരി
ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് തന്നെ അദ്ദേഹത്തിന്റെ കുടുംബമായി മാറി. ഒടുവിൽ മകളുടെ സ്ഥാനത്ത് നിന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ച് സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോ പൊക്കൻ അച്ഛന് സ്നേഹത്തോടെ വിട നൽകി.
പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായിരുന്ന പൊക്കൻ അച്ഛൻ അന്തരിച്ചു. നീലേശ്വരം മന്നംപുറത്ത് കാവ് പ്രദേശത്ത് തെരുവിൽ അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞിരുന്ന അദ്ദേഹത്തെ പൊലീസ് ഇടപെട്ടാണ് സ്ഥാപനത്തിൽ എത്തിച്ചത്. ബന്ധുക്കളോ സംരക്ഷിക്കാൻ മറ്റാരും ഇല്ലാതിരുന്ന അദ്ദേഹത്തെ സ്ഥാപനം ഏറ്റെടുക്കുകയും ആവശ്യമായ പരിചരണവും ഭക്ഷണവും ചികിത്സയും സ്നേഹവും നൽകി സംരക്ഷിക്കുകയും ചെയ്തു.
എന്നാൽ മരണശേഷം മൃതദേഹം ഏറ്റുവാങ്ങാനും അന്ത്യകർമ്മങ്ങൾ നടത്താനും ഉറ്റ ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോ മകളുടെ സ്ഥാനത്ത് നിന്ന് അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ മുന്നോട്ട് വന്നത്. സഹവാസികളും ജീവനക്കാരും ചേർന്ന് അദ്ദേഹത്തിന് അർഹമായ ആദരവോടെ അവസാന യാത്ര ഒരുക്കി.
ജീവിതത്തിന്റെ അവസാന കാലത്ത് സ്ഥാപനത്തിന്റെ സംരക്ഷണത്തിലും സ്നേഹത്തിലും കഴിഞ്ഞ പൊക്കൻ അച്ഛന് അവസാന യാത്രയിലും ഒറ്റപ്പെടേണ്ടി വന്നില്ല. രക്തബന്ധങ്ങളേക്കാൾ വലുതാണ് മനുഷ്യബന്ധങ്ങളെന്ന് തെളിയിച്ചുകൊണ്ട് ന്യൂ മലബാർ കുടുംബം അദ്ദേഹത്തിനൊപ്പം നിന്നു.
“ഞാൻ ഒറ്റയ്ക്കല്ല” എന്നൊരു തോന്നലാണ് അവസാന നിമിഷങ്ങളിൽ ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ആശ്വാസം. ആ കരുതലും സ്നേഹവും നൽകി ന്യൂ മലബാർ കുടുംബം പൊക്കൻ അച്ഛനെ യാത്രയാക്കുകയായിരുന്നു.
മകളുടെ സ്ഥാനത്ത് നിന്ന് സുസ്മിത അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് ഒരു ചടങ്ങ് മാത്രമായിരുന്നില്ല. രക്തബന്ധങ്ങൾക്കപ്പുറവും മനുഷ്യനെ ചേർത്തുപിടിക്കുന്ന മനുഷ്യത്വം ഇന്നും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ഹൃദയസ്പർശിയായ തെളിവായി അത് മാറി.
കഴിഞ്ഞ 20 വർഷമായി അനാഥരെയും ആരുമില്ലാത്തവരെയും സംരക്ഷിച്ചുവരുന്ന സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്. നിലവിൽ 120 ഓളം അന്തേവാസികൾ സ്ഥാപനത്തിൽ കഴിയുന്നുണ്ട്.
0 Comments