കാസർകോട്: വീടിന്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും വീട്ടുസാധനങ്ങളും കവർന്ന കേസിൽ അന്തർജില്ലാ മോഷ്ടാക്കൾ ബദിയടുക്ക പോലീസിന്റെ പിടിയിലായി. പാലക്കാട് ചിറ്റൂർ താലൂക്ക്, ആയിരൂർ കുളക്കൽ പറമ്പ് സ്വദേശി ആയിരൂർ ജലീൽ എന്ന 'ഷട്ടർ ജലീൽ' 39, പാലക്കാട് ആലത്തൂർ താലൂക്ക്, വണ്ടാഴി സ്വദേശി വിശ്വനാഥൻ (55) എന്നിവരെയാണ് കണ്ണൂരിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 3-ന് രാത്രി 10 മണിക്കും സെപ്റ്റംബർ 4-ന് പുലർച്ചെ 4 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻമകജെ വില്ലേജിൽ ഓണിബാഗിലിൽ താമസിക്കുന്ന പരാതിക്കാരന്റെ വീട്ടുമുറ്റത്തെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും,മറ്റൊരു വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളുമാണ് പ്രതികൾ കവർച്ച ചെയ്തത്.
പരിസരത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രികരിച്ചും മുൻകാല മോഷണക്കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക സൂചനകൾ പൊലീസിന് ലഭിക്കുന്നത്. അന്വേഷണത്തിൽ ഇവർ കണ്ണൂർ ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക എസ്.ഐ സുനിൽ കുമാർ ടി യുടെ നിർദ്ദേശപ്രകാരം എസ് ഐ വിനോദ് കുമാർ പി.ബി, എ.എസ്.ഐ സിനീഷ് സിറിയക്, എസ്.സി.പി.ഒ ഗോകുൽ എന്നിവരടങ്ങിയ പോലീസ് സംഘം ഒക്ടോബർ 12-ന് വൈകുന്നേരത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
0 Comments