കാഞ്ഞങ്ങാട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത ജില്ലാശുപത്രിയിലെ ദന്തഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.ജില്ലാ ആശുപത്രിയിൽ എൻ.എച്ച്.എം (ദേശീയ ആരോഗ്യ ദൗത്യം) വഴി ഡെന്റൽ സർജനായി ജോലി ചെയ്തുവന്നിരുന്ന ഡോ.സിദ്ധാർഥ് രവീന്ദ്രനെയാണ് പിരിച്ചു വിട്ടത്. നാഷണൽ ഹെൽത്ത് മിഷൻ കാസർകോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോ. സെക്രട്ടറി, സി.പി.എം ഹോസ്ദുർഗ് ലോക്കൽ കമ്മിറ്റി അംഗവുമാണ് സിദ്ദാർഥ്. സർക്കാർ ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരനും ഡോക്ടറുമായ ഡോ. സിദ്ധാർഥ് രവീന്ദ്രന്റെ പ്രവർത്തനം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്കലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.9 വർഷമായി സിദ്ദാർഥ് ജില്ലാശുപത്രിയിൽ സേവനം ചെയ്തു. നിർദ്ദന കുടുംബത്തിലെ കുട്ടിക്ക് അപൂർവ ചികിൽസ നടത്തിയ സിദ്ദാർഥ് വാർത്തയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ എന്ന നിലയിൽ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തെങ്കിലും മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ സമര പരിപാടിയിൽ പങ്കെടുത്തതിൽ ചട്ട വിരുദ്ധമില്ലെന്ന് സിദ്ദാർഥ് പറയുന്നു. രാഷ്ട്രിയ പകപോക്കൽ പിരിച്ചു വിടലിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments